ഒഹായോ: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ വിന്റൺ കൗണ്ടിയിൽ അതീവ ദയനീയ സാഹചര്യത്തിൽ കഴിയുകയായിരുന്ന 16 കുട്ടികളെ അധികൃതർ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് മുതിർന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഹാംഡൻ ഗ്രാമപ്രദേശത്തെ ഒരു വീട്ടിലാണ് ഒന്നര മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളെ കണ്ടെത്തിയത്. കുട്ടികളിൽ പലർക്കും അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നു. രണ്ട് കുട്ടികളുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഹെലികോപ്റ്റർ മാർഗം ട്രോമാ സെന്ററുകളിലേക്ക് മാറ്റി.
സംഭവസ്ഥലം "സങ്കൽപ്പിക്കാനാവാത്തത്'
വീടിനുള്ളിലെ സാഹചര്യം അതീവ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. "മനുഷ്യർ കഴിയുമെന്ന് പോലും സങ്കൽപ്പിക്കാനാവാത്ത അവസ്ഥയായിരുന്നു അത്.
പ്രത്യേകിച്ച് കുട്ടികൾ അത്തരമൊരു സാഹചര്യത്തിൽ ജീവിച്ചിരുന്നതാണ് ഏറ്റവും വേദനാജനകം' എന്ന് സംഭവസ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അറസ്റ്റിലായവർ
ഗാരി സൈഡേഴ്സ് ജൂണിയർ, ഗാരി സൈഡേഴ്സ് സീനിയർ, ക്രിസ്റ്റീന സൈഡേഴ്സ്, എലിസബത്ത് സൈഡേഴ്സ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഫെലണി ചൈൽഡ് എൻഡേഞ്ചർമെന്റ് കുറ്റം ചുമത്തിയിട്ടുണ്ട്.
അന്വേഷണം തുടരുന്നു
കുട്ടികൾ എങ്ങനെ ഈ വീട്ടിൽ എത്തിയെന്നും പ്രതികളുമായുള്ള ബന്ധം എന്താണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. എന്നാൽ നിലവിൽ ഈ സംഭവത്തിന് മനുഷ്യക്കടത്തുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
രക്ഷപ്പെടുത്തിയ കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.